06:21am 10 November 2026
NEWS
ഇറാനെതിരെ യുഎസ് ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം, തിരിച്ചടിക്കുമെന്ന് ഇറാൻ
23/06/2025  09:18 AM IST
സുരേഷ് വണ്ടന്നൂർ
ഇറാനെതിരെ യുഎസ് ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം, തിരിച്ചടിക്കുമെന്ന് ഇറാൻ

ടെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി. ഇസ്രയേൽ ആക്രമണം നിർത്തിയാലേ ചർച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലുറച്ചുനിന്ന ഇറാനു കനത്ത പ്രഹരമാണ് യുഎസ് നടപടി. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഭൂഗർഭ ആണവനിലയം ഉൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങൾ തകർത്തെന്നും, ഇതോടെ ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിൽ മൂന്നിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി.

യുഎസ് കാട്ടിയത് വഞ്ചനയാണെന്നും മാരകമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്ക ശക്തമാണ്. ആഗോള എണ്ണ കയറ്റുമതിയുടെ നാലിലൊന്നും നടക്കുന്ന ഇറാന്റെ സമുദ്ര അതിർത്തി വഴിയുള്ള ഗതാഗതം തടയുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റു. ടെൽ അവീവിലും ഹൈഫയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയൻ, ഒരു ബയോളജിക്കൽ സെന്റർ, വിവിധ സൈനിക കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

യുഎസിന്റെ നടപടി ധീരവും ചരിത്രം തിരുത്തുന്നതുമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. യുഎസിനെ വിമർശിച്ച് സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. "അതിശയിപ്പിക്കുന്ന സൈനിക വിജയം. ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടേണ്ടിവരും," യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഓപ്പറേഷൻ മിഡ്‌നെറ്റ് ഹാമർ: 19 മണിക്കൂർ പറന്ന് 20 മിനിറ്റ് പ്രഹരം

യുഎസ് ആക്രമണം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 4:10-നാണ് (ഇറാനിൽ പുലർച്ചെ 2:10) നടന്നത്. ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 9:31-ന് യുഎസിലെ മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് ഏഴ് ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ പറന്നുയർന്നു. ഓരോ വിമാനത്തിലും രണ്ട് വീതം ജി.ബി.യു - 57 ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉണ്ടായിരുന്നത് (ആകെ 14 ബോംബുകൾ). വടക്കേ അറ്റ്ലാന്റിക്കിന് കുറുകെ പറന്ന് സിറിയൻ, ഇറാഖ് വ്യോമപരിധികളിലൂടെയാണ് വിമാനങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചത്. മൂന്ന് ബോയിംഗ് കെ.സി - 46 പെഗാസസ് വിമാനങ്ങൾ ആകാശത്തുവെച്ച് ഇന്ധനം നിറച്ചു.

12 കിലോമീറ്റർ ഉയരത്തിൽ പ്രഹരം

ഫോർഡോയിലെ ഭൂഗർഭ ആണവ കേന്ദ്രത്തിന് 12 കിലോമീറ്റർ ഉയരത്തിൽ വെച്ചാണ് ആദ്യ വിമാനത്തിൽ നിന്ന് രണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ പുറത്തുവിട്ടത്. ഉപഗ്രഹ സിഗ്നൽ സ്വീകരിച്ച് കുത്തനെ ലക്ഷ്യസ്ഥാനത്തേക്ക് പതിച്ച ഈ ബോംബുകൾക്ക് 13000 കിലോഗ്രാം ഭാരമുള്ളതിനാൽ മിന്നൽ വേഗത്തിലായിരുന്നു യാത്ര. പതിക്കുന്ന ആഘാതത്തിൽ ഗർത്തമുണ്ടാക്കി ആഴങ്ങളിലേക്ക് തുളച്ചുകയറാൻ ഇവയ്ക്ക് കഴിയും. ഭൂപ്രദേശത്ത് 200 അടി വരെയും കോൺക്രീറ്റിൽ 60 അടി വരെയും തുളയ്ക്കാൻ ശേഷിയുള്ള ഇവ ഇലക്ട്രോണിക് നിയന്ത്രിത സ്ഫോടക വസ്തുക്കളാൽ പ്രവർത്തിക്കുന്നവയാണ്. ആണവനിലയത്തിന് 300 അടി വരെ താഴ്ചയുണ്ടെന്നാണ് അനുമാനം. മറ്റ് ആറ് വിമാനങ്ങളും ഓരോന്നായി ബോംബുകൾ വർഷിച്ചു.

ഇസ്ഫഹാൻ, നതാൻസ് തകർക്കാൻ ടോമഹോക്ക്

ഇറാൻ തീരത്ത് നിന്ന് 400 മൈൽ അകലെ കടലിൽ നിലയുറപ്പിച്ച യുഎസ് അന്തർവാഹിനികൾ (വിർജീനിയ/ലോസ് ആഞ്ചലസ് ക്ലാസ് അന്തർവാഹിനികൾ) ഓരോ ആണവനിലയം ലക്ഷ്യമിട്ട് 30 ടോമഹോക്ക് മിസൈലുകൾ തൊടുത്തു. ശേഷിച്ച രണ്ട് ജി.ബി.യു - 57 ബങ്കർ ബസ്റ്റർ ബോംബുകൾ നതാൻസിൽ പതിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5-ന് ദൗത്യം പൂർത്തിയാക്കി ബോംബറുകൾ യുഎസിലേക്ക് മടങ്ങി. 5:20-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വിവരം പുറത്തുവിട്ടു.

ബസ്റ്റർ ബോംബ് ലക്ഷ്യം കൃത്യം

ടെഹ്റാനിൽ നിന്ന് 95 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി കോം നഗരത്തിനടുത്തുള്ള പർവതത്തിന്റെ വശത്ത് 80-90 മീറ്റർ (ഏകദേശം 262-295 അടി) ആഴത്തിലാണ് ഫോർഡോ ആണവ കേന്ദ്രം. ഫോർഡോയിൽ ആറ് ബങ്കർ ബസ്റ്റർ ബോംബിട്ടെന്നാണ് യുഎസ് അവകാശപ്പെടുന്നത്. എന്നാൽ, 90 മീറ്റർ ഭൂഗർഭത്തിലുള്ള ആണവകേന്ദ്രം, 60 മീറ്റർ മാത്രം പ്രഹരപരിധിയുള്ള ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ച് എങ്ങനെ തകർക്കാമെന്നത് സ്വാഭാവിക സംശയമായിരുന്നു. ഇത് മറികടക്കാനാണ് ഗൈഡഡ് ബോംബായ ബങ്കർ ബസ്റ്റർ യുഎസ് തിരഞ്ഞെടുത്തത്. ഒരു ബോംബ് പ്രയോഗിച്ച് 60 മീറ്റർ ആഴത്തിൽ തീർക്കുന്ന ഗർത്തത്തിലേക്ക് അതീവ കൃത്യതയോടെ ഗൈഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബോംബ് അടുത്ത 60 മീറ്റർ ആഴത്തിൽ വരെ ലക്ഷ്യം തകർക്കും. അതായത്, ആകെ 120 മീറ്റർ ആഴം വരെ. ലക്ഷ്യപഥത്തിനിടെ എപ്പോൾ വേണമെങ്കിലും ബോംബ് പൊട്ടിക്കാം. ഫോർഡോ ആണവ കേന്ദ്രത്തിന് സാരമായ നാശം സംഭവിച്ചതായി ഇറാൻ സമ്മതിച്ചിട്ടുണ്ട്. യുഎസ് ബോംബറുകൾ ഗൈഡഡ് ബോംബ് പ്രയോഗത്തിലൂടെ ആണവകേന്ദ്രം തകർത്തതായിത്തന്നെ കരുതാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img